സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി, ആര്‍.സി.സിയിൽ യാഥാര്‍ത്ഥ്യമാകുന്നു

IMG_20240111_161412_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആരോഗ്യ മേഖല കൈവരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആര്‍.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സര്‍ജറി സംവിധാനവും (60 കോടി), ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നതിന് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ തുകയനുവദിച്ചത്.

എം.സി.സി.യിലും റോബോട്ടിക് സര്‍ജറി ഉടന്‍ പ്രവര്‍ത്തന സജ്ജമാകുന്നതാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു പ്രത്യേക തരം മിനിമല്‍ ആക്സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സര്‍ജറി. ഇത് സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം ഏറ്റവും നന്നായി കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍.

ശസ്ത്രക്രിയാ വേളയില്‍ തന്നെ കാന്‍സര്‍ ബാധിത ഭാഗത്ത് കീമോതെറാപ്പി നല്‍കാന്‍ കഴിയുന്ന 1.32 കോടി രൂപ ചെലവഴിച്ചുള്ള ഹൈപെക് അഥവാ ഹൈപ്പര്‍ തെര്‍മിക് ഇന്‍ട്രാ പെരിറ്റോണിയല്‍ കീമോതെറാപ്പി ചികിത്സാ സംവിധാനവും ആര്‍.സി.സിയില്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് വെല്‍ഫയര്‍ & സര്‍വീസ് ബ്ലോക്ക് സജ്ജമാക്കിയത്. ക്ലിനിക്കല്‍ ലാബിലെ പരിശോധനകള്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ആക്കുകയും അത് തത്സമയം നിരീക്ഷിക്കുകയും ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!