തിരുവനന്തപുരം:ബസ് അനാവശ്യമായി സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുകയും ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത കെഎസ്ആർടിസി താൽക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു.
രണ്ടു സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പാറശാല ഡിപ്പോയിലെ താൽക്കാലിക ഡ്രൈവര്‍ പി.ബൈജുവിനെയാണ് പിരിച്ചുവിട്ടത്.
ഇതേ ഡിപ്പോയിലെ കണ്ടക്ടർ ശ്രീജിത്ത് രവി, പാറശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ ചുമതല വഹിക്കുന്ന ചാർജ്മാൻ കെ.സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ജനുവരി 9ന് ആയിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സിഎംഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര – കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന സിഎസ് 88 (ജെഎൻ 548) നമ്പര്‍ ബസ്, ഡ്രൈവറോ കണ്ടക്ടറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്ത് നിർത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ബസ് സ്റ്റാര്‍ട്ടിങ്ങില്‍ നിർത്തിയിരിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ സെല്‍ഫ് എടുക്കാത്തതു കൊണ്ടാണെന്ന് ഡ്രൈവര്‍ പരുഷമായി മറുപടി നൽകി.
ഒരു തുളളി ഡീസല്‍ പോലും പാഴാക്കരുതെന്ന നിര്‍ദേശം നിലനില്‍ക്കെ അനാവശ്യമായി ബസ് സ്റ്റാര്‍ട്ടിങ്ങില്‍ നിര്‍ത്തിയിടുകയും ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത താൽക്കാലിക ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ 20 മിനിറ്റോളം എൻജിന്‍ ഓഫാക്കാതെ ബസ് സ്റ്റാര്‍ട്ട് ചെയ്ത നിലയിലായിരുന്നുവെന്നും കണ്ടെത്തി