വിഴിഞ്ഞം : മീൻപിടിത്തത്തിനിടെ ശക്തമായ കാറ്റിലും തിരയിലുംപ്പെട്ട വള്ളത്തിൽനിന്ന് കടലിൽവീണ തൊഴിലാളി മരിച്ചു.
പൂവാർ വരവിള തോപ്പ് വീട്ടിൽ പങ്കരാസ്(58) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ വിഴിഞ്ഞം തീരത്തു നിന്ന് സാബൂൾ എന്നയാളുടെ വള്ളത്തിലാണ് മീൻപിടിത്തത്തിനു പോയത്.
രാത്രി 9.30 ഓടെ വിഴിഞ്ഞം തീരത്ത് നിന്ന് ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
ശക്തമായ കാറ്റിൽ തിരയടിച്ച് വള്ളം ഉലഞ്ഞ് അമരത്ത് നിൽക്കുകയായിരുന്ന പങ്കരാസ് കടലിലേക്ക് വീഴുകയായിരുന്നു എന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു.രക്ഷപ്പെടുത്തി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.