തിരുവനന്തപുരം:പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ
നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങൾ പ്രകാരവും ഓൺലൈൻ ആയി ലഭിച്ച മറ്റ് അപേക്ഷകൾ പ്രകാരവും മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയ റേഷൻ കാർഡുകളുടെ തിരുവനന്തപുരം താലൂക്ക് തല വിതരണോദ്‌ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ കാലതാമസം വരുത്താതെ സർക്കാർ പരിഹാരം കാണുകയാണെന്ന് എം.എൽ.എ പറഞ്ഞു.
കഴക്കൂട്ടം മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ 304 അപേക്ഷകളാണ് റേഷൻ കാർഡുമായി ബന്ധപ്പെട്ട് ലഭിച്ചത്. മഞ്ഞ കാർഡിന് വേണ്ടി ലഭിച്ച 39 അപേക്ഷയിൽ 29 അപേക്ഷകൾ അർഹതപ്പെട്ടവയാണെന്ന് കണ്ടെത്തി. മുൻഗണനാ വിഭാഗത്തിലേക്ക് മാറാനായി ലഭിച്ച 168 അപേക്ഷയിൽ 149 അപേക്ഷകൾ മുൻഗണന വിഭാഗത്തിലേക്ക് തരം മാറ്റി.
കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ, റേഷനിങ് ഇൻസ്‌പെക്ടർ ഷിബു എന്നിവർ സന്നിഹിതരായി.