നെടുമങ്ങാട് :നെടുമങ്ങാട് താലൂക്ക് പരിധിയിൽ പുതിയതായി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ വിതരണം ചെയ്തു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 4,12,913 കാർഡുകളാണ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം കാർഡുകൾ തരം മാറ്റി വിതരണം ചെയ്യുന്നത്. ഒരു കബളിപ്പിക്കലുകൾക്കും വഴി കൊടുക്കാതെ അർഹരായവരിലേക്ക് മുൻഗണനാ കാർഡുകളെത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.
നെടുമങ്ങാട് താലൂക്കിൽ മുൻഗണനാ റേഷൻകാർഡിനായി 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായും മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ നടന്ന നവകേരള സദസ്സിലുമായി 2,038 അപേക്ഷകളാണ് ലഭിച്ചത്. ഈ അപേക്ഷകളുടെ പരിശോധനയിൽ 1,969 അപേക്ഷകർ മുൻഗണനാ കാർഡിന് അർഹരാണെന്ന് കണ്ടെത്തി. ഇതിൽ 1,730 ഓൺലൈൻ അപേക്ഷകളും, 239 നവകേരള സദസ്സിൽ നിന്ന് ലഭിച്ച അപേക്ഷകളും ഉൾപ്പെടുന്നു.
ആദ്യ ഘട്ടമായി 763 മുൻഗണന കാർഡുകളുടെ വിതരണമാണ് മന്ത്രി നിർവഹിച്ചത്. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ 50 പേർക്ക് മന്ത്രി നേരിട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്തു. ഇതിൽ 44 ഓൺലൈൻ അപേക്ഷകളും ആറ് നവകേരള സദസ്സിൽ നിന്ന് ലഭിച്ച അപേക്ഷകളും ഉൾപ്പെടുന്നു. ബാക്കിയുള്ളവ അക്ഷയ കേന്ദ്രം വഴി വിതരണം ചെയ്യും.
നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു കെ. വി എന്നിവർ സന്നിഹിതരായിരുന്നു.