തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമം.
പി.എസ്.സി.അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ടം നടത്തിയാള്‍ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. പൊലിസ് അന്വേഷണം തുടങ്ങി.
കേരള സർവ്വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടയിലാണ് ആള്‍മാറാട്ടം നടന്നത്. പരീക്ഷ കേന്ദ്രമായ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ സ്കൂളിൽ ഉദ്യോഗാർത്ഥികള്‍ ഹാളിൽ കയറി ശേഷം ഗേറ്റടച്ചു.
പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പി.എസ്.സി.വിജിലൻസ് വിഭാഗം ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാള പരിശോധന തുടങ്ങി.
ആള്‍മാറാട്ടം തടായാനായിരുന്നു പരിശോധന. ഈ സമയം നേമം സ്വദേശി അമൽജിത്തിൻെറ പേരിൽ പരീക്ഷയെഴുതാനെത്തിയാള്‍ ഇറങ്ങിയോടുകയായിരുന്നു. പരീക്ഷ ഹാളിൽ നിന്നും മതിൽ വഴിചാടിയാണ് ആള്‍മാറാട്ടം നടത്തിയാള്‍ രക്ഷപ്പെട്ടത്.