തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.
തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍.എസ്, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായ്ത്രി ബാബു, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 മുതല്‍ 25 വരെ ആഘോഷിക്കുകയാണ്. പൊങ്കാലയോടനുബന്ധിച്ച് വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ അന്നദാന വിതരണം, കുടിവെള്ള വിതരണം എന്നിവ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടിയുള്ള പോര്‍ട്ടലാണ് ഇന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഇത്തരത്തില്‍ പൊങ്കാല ഉത്സവകാലത്ത് ഭക്ഷണം, കുടിവെള്ളം വിതരണം നടത്തുന്നവര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്തരത്തില്‍ പോര്‍ട്ടല്‍ സംവിധാനം ഉണ്ടാക്കിയിട്ടുള്ളത്.
നഗരസഭ വെബ് സൈറ്റായ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിലൂടെയോ, smarttvm.tmc.lsg.kerala.gov.in എന്ന ലിങ്ക് വഴിയോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ് അന്നദാനം, കുടിവെള്ള വിതരണം നടത്തുന്നിടത്ത് പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. രജിസ്ട്രേഷന്‍ നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കുന്നതാണ്.