വിഴിഞ്ഞം: ഉൾക്കടലിൽ വച്ച് അജ്ഞാത ചരക്കുകപ്പലിടിച്ച് മറിഞ്ഞ പൂന്തുറ സ്വദേശികളുടെ വള്ളം കണ്ടെത്തി.
പെരുമാതുറ മുതലപ്പൊഴി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ നിന്നാണ് കമിഴ്ന്ന നിലയിൽ വള്ളം കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികൾ അറിയിച്ചതനുസരിച്ച് മറൈൻ എൻഫോഴ്സ്മെന്റും വിഴിഞ്ഞം കോസ്റ്റൽ പൊലീസും ഉൾപ്പെട്ട സംഘം മറൈൻ എൻഫോഴ്സ്മെന്റിന്റെ പട്രോളിംഗ് ബോട്ടിൽ കെട്ടിവലിച്ച് രാത്രി 9.15ഓടെ വള്ളം വിഴിഞ്ഞത്തെത്തിച്ചു.
ശനിയാഴ്ച ഉച്ചയോടെ വിഴിഞ്ഞം തീരത്ത് നിന്ന് 19 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിലായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന പൂന്തുറ സ്വദേശികളായ ആൻഡ്രൂസ്,ജോൺ,മരിയദാസൻ,സെൽവൻ,ക്ലീറ്റസ് എന്നിവർക്കാണ് പരിക്കേറ്റത്.
കപ്പലിടിച്ച് തെറിച്ച് കടലിൽ വീണ ഇവരെ വിഴിഞ്ഞം സ്വദേശികളായ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. വള്ളത്തിന്റെ കേടുപാടുകൾ കണ്ടെത്താൻ ഇന്ന് ഫോറൻസിക് ഉൾപ്പെടെയുള്ളവർ വിശദ പരിശോധന നടത്തും.