തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള നാളെ (15-02-2024) സമാപിക്കും.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സയന്‍സ് ഫെസ്റ്റിവലിനാണ് തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സമാപനമാകുന്നത്.
ജനുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവലിലെ ക്യൂറേറ്റഡ് സയന്‍സ് പ്രദര്‍ശനം ജനുവരി 20നാണ് ആരംഭിച്ചത്. ഫെസ്റ്റിവല്‍ സമാപിക്കാനിരിക്കെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഒരു ലക്ഷത്തോളം പേര്‍ ഇതിനോടകം പ്രദര്‍ശനം കാണാനെത്തി.
ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സെഷനുകളിലും ജനപങ്കാളിത്തം സജീവമായിരുന്നു. നോബല്‍ സമ്മാന ജേതാവ് മോര്‍ട്ടണ്‍.പി. മെല്‍ഡലും നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ മധുലിക ഗുഹാത്തകുര്‍ത്തയും അടക്കമുള്ള പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.
നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിന്നും ഐഎസ്ആര്‍ഒയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍ പങ്കെടുത്ത സെഷനുകള്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയുടെ വാട്ടര്‍മാന്‍ ഡോ. രാജേന്ദ്ര സിങ്ങും കനിമൊഴി കരുണാനിധി എംപിയും നടിയും സംവിധായികയുമായ നന്ദിതാ ദാസുമൊക്കെ പങ്കെടുത്ത സെഷനുകളും ശ്രദ്ധേയമായിരുന്നു.
ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൈ വാച്ചിംഗിനും ടെന്‍ഡിംഗിനും സന്ദര്‍ശകരുടെ ഭാഗത്തുനിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. ജിഎസ്എഫ്‌കെ ക്യൂറേറ്റര്‍ കൂടിയായ ഡോ. വൈശാഖന്‍ തമ്പിയുടെ നേതൃത്വത്തില്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നിന്നുള്ള വിദഗ്ധര്‍ നയിച്ച വാന നിരീക്ഷണ ക്ലാസുകളില്‍ പങ്കെടുക്കാനും ആധുനിക ടെലിസ്‌കോപ്പിലൂടെ വീക്ഷിച്ച് ആകാശത്തെ അടുത്തറിയാനും നിരവധി പേര്‍ തോന്നക്കലിലെ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തി. സന്ദര്‍ശകരുടെ ആവശ്യത്തെ തുടർന്ന് ഫെസ്റ്റിവല്‍ കുറച്ചുകൂടി നീട്ടുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങളെത്തുടര്‍ന്ന് മുന്‍പു പ്രഖ്യാപിച്ചപോലെ ഫെബ്രുവരി 15നു തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.