തിരുവനന്തപുരം:കരിക്കകം ലിഫ്റ്റ് ബ്രിഡ്ജിൽ ഉൾനാടൻ ജല ഗതാഗത വകുപ്പ് നടത്തിയ ട്രയൽ റൺ വിജയകരം.
കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് ഈ മാസം 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതിനു മുന്നോടിയായിട്ടാണ് ട്രയൽ റൺ നടത്തിയത്.
കോവളം – ബേക്കൽ ദേശീയ ജലപാത പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ 2.80 കോടി ചെലവഴിച്ചാണ് കേരളത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് നിർമിച്ചത്. 2025 ഓടെ കോവളം- ബേക്കൽ ദേശീയ ജലപാതയിലൂടെ ജല ഗതാഗതം സാധ്യമാക്കുന്നത്തിനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നല്ല ശതമാനം ചരക്ക് നീക്കവും ദേശീയ ജലപാതയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 ടൺ വരെ ഭാരമുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും വിധമാണ് ലിഫ്റ്റ്ബ്രിഡ്ജിന്റെ നിർമാണം.ദേശീയ ജലപാതയിലൂടെ ബോട്ടുകൾ കടന്ന് പോകുമ്പോൾ 5 മീറ്റർ വരെ ഉയരത്തിൽ പാലം ഉയർത്താൻ കഴിയും.
ഉൾനാടൻ ജല ഗതാഗത വകുപ്പ് ഡയറക്ടർ അരുൺ കെ ജേക്കബ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ നദീർ എന്നിവർ ട്രയൽ റണ്ണിൽ പങ്കെടുത്തു.