തിരുവനന്തപുരം:പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആന്റണി രാജു എം.എൽ.എ നിർവ്വഹിച്ചു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കൃഷ്ണകുമാർ, മാധവദാസ് എന്നിവരും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ, സർവൈലൻസ് മെഡിക്കൽ ഓഫീസർ ഡോ.പ്രതാപചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
ജില്ലയിൽ 1,84,968 (90.58%) കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം ചെയ്തു. തുള്ളിമരുന്ന് കൊടുക്കാത്ത കുട്ടികൾക്ക് ഇന്നും (ഫെബ്രുവരി 4) നാളെയുമായി ഭവന സന്ദർശനത്തിലൂടെ നൽകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ വിതരണത്തിന് ജില്ലയിൽ 2,105 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്.
ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2,027 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 55 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 29 മൊബൈൽ യൂണിറ്റുകളും സജ്ജീകരിച്ചിരുന്നു.