വിഴിഞ്ഞം: ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിയോട കത്തിനശിച്ചു. കഴിവൂര്‍ വേങ്ങപ്പൊറ്റ വി.എസ് സദനില്‍ അമല്‍ വിന്‍സിന്റെ സ്‌കൂട്ടറാണ് കത്തിപ്പോയത്.
രാവിലെ വെളളറ ചെമ്പൂരുളള സര്‍വീസ് സെന്ററില്‍ സ്‌കൂട്ടറിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടര്‍ന്ന് ഓടിച്ചെത്തിയശേഷം അപ്പൂപ്പന്‍ സെല്‍വനോസിന്റെ വീട്ടുവളപ്പിലാണ് പാര്‍ക്കുചെയ്തിരുന്നത്.
പത്തുമിനിട്ടിനുശേഷം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി സ്‌കൂട്ടര്‍ കത്തുകയായിരുന്നു എന്ന് അമല്‍ പറഞ്ഞു. വീട്ടുകാര്‍ ഇറങ്ങിയോടി. നാട്ടുകാരെത്തി വിഴിഞ്ഞം അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു.
സ്‌കൂട്ടറില്‍നിന്നുളള തീമൂലം വീടിന്റെ ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ചുമരിന്റെ ഒരുഭാഗം ചൂടുംപുകയുമേറ്റ് കരിയുകയും ചെയ്തിട്ടുണ്ട്. ആസ്ബെസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞിരുന്ന സമീപത്തെ ഷെഡും കത്തിനശിച്ചു.
അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീകെടുത്തിയത്. സ്‌കൂട്ടര്‍ പുര്‍ണ്ണമായും കത്തിനശിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.