തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന് മുന്നോടിയായി സംസ്ഥാനത്ത് മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.
ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും അല്ലെങ്കില്‍ ഓണ്‍ലൈനായും അനായാസം വിവരങ്ങള്‍ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കാവുന്നതാണ്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ ഇന്ത്യന്‍ പൗരന്‍മാരും വോട്ടര്‍ പട്ടിക പുതുക്കിയ വര്‍ഷം ജനുവരി 1ന് 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും ആയിരിക്കണം . നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാവില്ല.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രക്രിയ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ഇലക്ഷന്‍ കമ്മീഷന്‍ ലളിതമാക്കിയിട്ടുണ്ട്. നാഷണല്‍ വോട്ടേര്‍സ് സര്‍വീസ് പോര്‍ട്ടല്‍ (NVSP) വഴിയോ, വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് (Voter Helpline App) വഴിയോ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങാം.