നെയ്യാറ്റികര: വാഹനത്തിന്റെ ഫൈനാൻസ് ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ.
ഒന്നാം പ്രതി വെൺപകൽ പട്ട്യക്കാല പട്ട്യക്കാലപുത്തൻവീട് ജെ.എസ്. ഭവനിൽ ജെ.എസ്. ജിബിൻ(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം കണ്ണറവിളയിൽ മനോജ്(19), ചൊവ്വര ചപ്പാത്ത് ബഥേൽ ഭവനിൽ അഭിജിത്ത്(18), കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി പ്ലാവിളപുത്തൻ വീട്ടിൽ രഞ്ജിത്(23) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് നെയ്യാറ്റികര ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) കൊല്ലപ്പെട്ടത്. ബൈക്കിൽ പോവുകയായിരുന്ന ആദിത്യനെ പിന്നാലെ കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ രക്ഷപ്പെട്ടിരുന്നു. ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.