ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ നിന്ന് റഷ്യയിലെത്തി ചതിയിൽപ്പെട്ട മൂന്നു യുവാക്കളിൽ ഒരാൾ ഡൽഹിയിലെത്തി.
അഞ്ചുതെങ്ങ് കൊപ്രാക്കൂട് പുരയിടത്തിൽ സെബാസ്റ്റ്യന്റെയും നിർമലയുടെയും മകൻ പ്രിൻസാണ്(24) തിങ്കളാഴ്ച പുലർച്ചെ 3.30-ഓടെ ഡൽഹി വിമാനത്താവളത്തിലെത്തിയത്. ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് പ്രിൻസിനെ ഡൽഹിയിലെത്തിച്ചത്.
സി.ബി.ഐ. ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ പ്രിൻസിനെ ചോദ്യംചെയ്യുകയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷമേ നാട്ടിലേക്കയയ്ക്കൂവെന്നാണ് ഇപ്പോൾ ലഭിച്ചിട്ടുള്ള വിവരം. പ്രിൻസിനൊപ്പം റഷ്യയിലേക്കു പോയ മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
ജനുവരി മൂന്നിനാണ് അഞ്ചുതെങ്ങ് കൊപ്രാക്കൂട് പുരയിടത്തിൽ പരേതനായ പനിയടിമയുടെയും ബിന്ദുവിന്റെയും മകൻ ടിനു(25), അഞ്ചുതെങ്ങ് കൃപാനഗർ കുന്നുംപുറത്ത് സിൽവയുടെയും പനിയമ്മയുടെയും മകൻ വിനീത്(22) എന്നിവർക്കൊപ്പം പ്രിൻസ് റഷ്യയിലേക്കു പോയത്.