തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച (ഏപ്രിൽ മൂന്ന്) ആറ് പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു.
തിരുവനന്തപുരം മണ്ഡലത്തിൽ രണ്ട് പേരും ആറ്റിങ്ങൽ മണ്ഡലത്തിൽ നാല് പേരും പുതിയതായി പത്രിക നൽകി.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂർ (ഐഎൻസി), എസ്. രാജേന്ദ്രൻ (ബി.എസ്.പി) എന്നിവർ വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പത്രിക സമർപ്പിച്ചു. ശശി തരൂർ മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്.
മിനി.എസ് (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)) രണ്ടാമത്തെ സെറ്റ് പത്രികയും നൽകി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ ഒൻപത് പേരാണ് പത്രിക നൽകിയത്. 15 നാമനിർദേശ പത്രികകളാണ് മണ്ഡലത്തിൽ ലഭിച്ചത്.
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ വി.ജോയ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), അജയകുമാർ.സി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), വിനോദ്.കെ (സ്വതന്ത്രൻ), സുരഭി.എസ് (ബഹുജൻ സമാജ് പാർട്ടി ) എന്നിവർ നാമനിർദേശ പത്രിക വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സിക്ക് സമർപ്പിച്ചു.
വി.ജോയ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), മൂന്ന് സെറ്റ് പത്രികയും സുരഭി.എസ് (ബഹുജൻ സമാജ് പാർട്ടി ) രണ്ട് സെറ്റ് പത്രികയും നൽകി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ ആറ് പേർ നാമനിർദേശ പത്രിക നൽകി. 10 നാമനിർദേശ പത്രികകളാണ് മണ്ഡലത്തിൽ ലഭിച്ചത്.
നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള അവസാനദിവസമായ നാളെ (ഏപ്രിൽ നാല് ) രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ പത്രിക നൽകാം. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി.