തിരുവനന്തപുരം: അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശി ആര്യാ നായരുടെയും മൂന്നാംമൂട് സ്വദേശി ദേവിയുടെയും ഭർത്താവ് നവീൻ്റെയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ചു.
തുടർന്ന് രണ്ടരയോടെ ആര്യയുടെയും മൂന്നോടെ ദേവിയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. നിരവധിപേരാണ് ഇരുവർക്കും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്. ദേവിയുടെ വീട്ടിലെത്തി ചീഫ് സെക്രട്ടറി വി.വേണു ഉൾപ്പെടെയുള്ളവർ ആദരാഞ്ലിയർപ്പിച്ചു.
ആര്യയുടെയും ദേവിയുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകീട്ട് ശാന്തികവാടത്തിൽ സംസ്കരിച്ചു. നവീൻ്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.