തിരുവനന്തപുരം : ഓൺലൈൻ വഴി പാർട് ടൈം ജോലി വാഗ്ദാനംചെയ്ത് തിരുവനന്തപുരം സ്വദേശിയിൽനിന്ന് 90 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
മലപ്പുറം മഞ്ചേരി മാടൻ റോഡ് മാടൻറോഡ് ഹൗസിൽ ശിവദാസൻ, പുൽപ്പറ്റ കാരപ്പറമ്പ് അഷറഫ്, മഞ്ചേരി പുതുപ്പറമ്പിൽ ഹൗസിൽ ഷാജിമോൻ എന്നിവരെയാണ് സിറ്റി സൈബർ പോലീസ് അറസ്റ്റുചെയ്തത്.
തിരുവനന്തപുരം സ്വദേശിയെ ടെലിഗ്രാം പ്ലാറ്റ്‌ഫോമിലൂടെ ബന്ധപ്പെടുകയും ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ജോലിനൽകാമെന്നും വരുമാനം ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ച് ലാഭം നേടിയെടുക്കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
വെർച്വൽ പ്ലാറ്റ്‌ഫോമിൽ വലിയ തുകകൾ വരുന്നത് കാണിച്ച് പരാതിക്കാരനെ വിശ്വസിപ്പിച്ചശേഷം നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പല ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. ഒടുവിൽ നിക്ഷേപവും നഷ്ടപ്പെട്ടതോടെയാണ് പോലീസിൽ പരാതി നൽകിയത്.
തട്ടിയെടുത്ത 90 ലക്ഷം രൂപയിൽ 70 ലക്ഷത്തോളം രൂപ മലപ്പുറത്തുള്ള സഹകരണ ബാങ്കിലേക്കാണ് കൈമാറ്റം ചെയ്തതെന്ന് മനസ്സിലാക്കിയാണ് സൈബർ പോലീസ് പ്രതികളെ പിടികൂടിയത്.