കഴക്കൂട്ടം : വീടിൻ്റെ മുൻവാതിലിന്റെ പൂട്ടുതകർത്ത് മോഷ്ടാക്കൾ അകത്തു കയറി 35 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.
കഴക്കൂട്ടം കെട്ടിടത്തിൽ എന്റർപ്രൈസസ് ഉടമ വിളയിൽകുളം സൗപർണികയിൽ ശ്യാംലാലിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്യാംലാൽ കുടുംബസമേതം മൂകാംബികയിൽ ക്ഷേത്ര ദർശനത്തിന് പോയത്. ചൊവ്വാഴ്ച ഉച്ചയോടെ മടങ്ങിയെത്തി. വാതിൽ തുറക്കാൻ നോക്കിയപ്പോഴാണ് മുൻവാതിൽ കമ്പിപ്പാരകൊണ്ട് പൂട്ടുപൊളിച്ചനിലയിൽ കണ്ടത്.
അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് അലമാരയും കുത്തിപ്പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന 19 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 35 പവനോളം സ്വർണം മോഷ്ടിച്ചതായി മനസ്സിലാക്കുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.