തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്‌ജെൻഡർ വോട്ടർമാർക്കായി വോട്ട് സംവാദം സംഘടിപ്പിച്ചു.
പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽനടന്ന പരിപാടിയിൽ ട്രാൻഡ്‌ജെൻഡർ വോട്ടർമാർക്ക് ജില്ലയിൽ നൽകുന്ന പ്രധാന്യത്തെ കുറിച്ചും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജില്ലാ സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ സംസാരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള ജില്ലാ കളക്ടറുടെ ക്ഷണപത്രിക ട്രാൻസ്‌ജെൻഡർ വോട്ടർമാർക്ക് കൈമാറി. ജില്ലയിൽ ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ള ഫോർട്ട് മിഷൻ സ്‌കൂളിലെ ബൂത്ത് നമ്പർ 69ൽ ട്രാൻസ്‌ജെൻഡർ മോഡൽ പോളിങ് സ്‌റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി എൻറോൾമെന്റ് ക്യാമ്പയിൻ ഉൾപ്പെടെ പ്രൈഡ് മൂവ്‌മെന്റ് എന്ന പേരിൽ നിരവധി പരിപാടികളാണ് ജില്ലാ സ്വീപ് സംഘടിപ്പിച്ചത്.
അസിസ്റ്റന്റ് കളക്ടർമാരായ സാക്ഷി മോഹൻ, ആര്യ എന്നിവരും സമ്മതിദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്വീപ് സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കും മത്സരങ്ങളിലെ വിജയികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും പരിപാടിയിൽ നൽകി. 2023 ബാച്ച് അസിസ്റ്റന്റ് കളക്ടർമാർ, ജില്ലാ സ്വീപ് ട്രാൻസ്‌ജെൻഡർ ഐക്കൺ ശ്യാമ എസ് പ്രഭ, ബൂത്ത് ലെവൽ ഓഫീസർമാർ, ജില്ലാസ്വീപ് ടീം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.