തിരുവനന്തപുരം:ജില്ലയിലെ പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കുന്നതിനായി വെബ്കാസ്റ്റിങ് കൺട്രോൾ റൂം കളക്ടറേറ്റിൽ സജ്ജമായി.
മൂന്നാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ വെബ്കാസ്റ്റിങ് കൺട്രോൾ റൂം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.
രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലായി 2,730 പോളിങ് ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങളാണ് കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ നിരീക്ഷിക്കുന്നത്.
ഒരു കെട്ടിടത്തിൽ തന്നെ ഒന്നിലധികം ബൂത്തുകൾ പ്രവർത്തിക്കുന്നത്, പ്രശ്‌ന സാധ്യതാ ബൂത്തുകൾ എന്നിവിടങ്ങളിൽ പോളിങ് സ്‌റ്റേഷന് അകത്തും പുറത്തും വെബ്കാസ്റ്റിങ് സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഐ.സി.ടി നോഡൽ ഓഫീസർ ബി. അനീഷ്‌കുമാർ, ഐസിടി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.