Search
Close this search box.

എസ്.എ.ടി ആശുപത്രിക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍

IMG_20240430_145507_(1200_x_628_pixel)

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ലേബര്‍ റൂം 97.5%, മറ്റേര്‍ണിറ്റി ഒ.ടി 98.5% എന്നീ സ്‌കോറുകളോടെയാണ് അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്.

കേരളത്തില്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കൂടുതല്‍ ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

മാതൃശിശു മരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യ അക്രഡിറ്റേഷന്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. ലോകോത്തര നിലവാരത്തിലുളള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തരമുളള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷന്‍ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. അതിസങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി വരുന്നു. റീപ്രൊഡക്ടീവ് മെഡിസിന്‍ ശക്തിപ്പെടുത്തുന്നതിന് അടുത്തിടെ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചു. ജനിതക വൈകല്യം കണ്ടെത്തി ചികിത്സിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി ജനറ്റിക്‌സ് വിഭാഗം എസ്.എ.ടി.യില്‍ ആരംഭിക്കാനുള്ള തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. മെഡിക്കല്‍ കോളേജ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി എസ്.എ.ടി.യ്ക്കായുള്ള പ്രത്യേക ബ്ലോക്ക് നിര്‍മ്മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി എസ്.എ.ടി. ആശുപത്രിയില്‍ അത്യാധുനിക സംവിധാനങ്ങളാണൊരുക്കിയത്. പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നല്‍കാനായി ഗര്‍ഭിണിയ്‌ക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി നടപ്പിലാക്കി വരുന്നു. ലേബര്‍ റൂമും മെറ്റേണിറ്റി ഓപ്പറേഷന്‍ തീയറ്ററും അനുബന്ധ സംവിധാനങ്ങളും നവീകരിച്ചു. ഹൈ ഡെപ്പന്റന്‍സി യൂണിറ്റ്, മെറ്റേണല്‍ ഐസിയു, വിപുലമായ ഒപി എന്നിവയും സജ്ജമാക്കി. പ്രസവം കഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും നടപ്പിലാക്കി വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!