തിരുവനന്തപുരം:എയർഇന്ത്യ സമരം യാത്ര മുടക്കിയ ഉറ്റവരെ കാണാനാകാതെ ചികിത്സയിൽക്കഴിഞ്ഞ പ്രവാസി അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റിൽ ചികിത്സയിൽക്കഴിഞ്ഞ കരമന നെടുങ്കാട് ടി.സി. 45/2548-ൽ ആർ.നമ്പി രാജേഷാ(40)ണ് മരിച്ചത്.
ചികിത്സയിൽക്കഴിഞ്ഞ നമ്പി രാജേഷിനെ കാണാൻ മസ്കറ്റിലേക്കു യാത്രതിരിച്ച ഭാര്യ അമൃത സി.രവിയും അമ്മ ചിത്രയും എയർഇന്ത്യ സമരം കാരണം യാത്രമുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ഇവരെ കാണാതെയാണ് നമ്പി രാജേഷ് ലോകത്തോടു വിടപറഞ്ഞത്.
ആൻജിയോ പ്ലാസ്റ്റിക്കു ശേഷം ആശുപത്രിയിൽനിന്ന് ശനിയാഴ്ച ഫ്ളാറ്റിലെത്തിയ നമ്പി രാജേഷിന് സുഹൃത്തുക്കളാണ് കൂട്ടിനുണ്ടായിരുന്നത്. നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മരണം.