തിരുവനന്തപുരം: കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി.
അടുത്ത ദിവസം നടത്തിയ സ്കാനിംഗിൽ കുഞ്ഞ് മരിച്ചതായും കണ്ടെത്തിയതോടെ തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് കഴക്കൂട്ടം സ്വദേശി പവിത്രയും കുടുംബവും.
എട്ടു മാസം ഗര്‍ഭിണിയായ പവിത്ര 16ന് വ്യാഴാഴ്ചയാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ തിരിച്ചയച്ചെന്നാണ് ബന്ധുക്കളുടെ പരാതി.
കാര്യമായി പരിശോധിക്കുകയേ ചെയ്തില്ല, വെറുതെ ഒന്ന് നോക്കിയ ശേഷം കുഞ്ഞ് ഉറങ്ങുകയാണ്, എന്തിനാണ് പേടിക്കുന്നത്, ആദ്യമൊരു കുഞ്ഞ് ഉണ്ടായതല്ലേ ഇതൊക്കെ അറിയില്ലേ എന്നാണ് ഡ്യൂട്ടി ഡോക്ടര്‍ ചോദിച്ചതെന്ന് പവിത്രയും ഭര്‍ത്താവ് ലിബു പറയുന്നു. ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് ഇവര്‍ തിരിച്ചുപോരികയായിരുന്നു. ശേഷം പിറ്റേന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് മനസിലാക്കുന്നത്.
ഇതിന് ശേഷം എസ്എടി ആശുപത്രിയിൽ നടത്തിയ തുടര്‍ചികിത്സയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണം അറിയാൻ വിശദമായ പത്തോളജിക്കൽ ഓട്ടോപ്സി നടത്താനാണ് ഇനി തീരുമാനം. ആശുപത്രിക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകും.