വർക്കല : വർക്കല റെയിൽവേ സ്റ്റേഷനു മുൻവശം ഓട്ടോയിൽ കടത്താൻ ശ്രമിച്ച എട്ട് കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ.
ആന്ധ്രയിൽനിന്നു തീവണ്ടിയിൽ കൊണ്ടുവന്ന് വിൽപ്പന നടത്താൻ ശ്രമിച്ച കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.
ചെമ്മരുതി ചാവടിമുക്ക് ആർ.എസ്. ഭവനിൽ രാജേന്ദ്രൻ(67), ചെമ്മരുതി വണ്ടിപ്പുര ജനതാമുക്ക് സ്റ്റെഫി നിവാസിൽ സതീഷ്(43), ജനതാമുക്ക് അനി വിലാസത്തിൽ അനി(47) എന്നിവരാണ് പിടിയിലായത്.
അനിയുടെ നിർദേശപ്രകാരം രാജേന്ദ്രനാണ് ആന്ധ്രയിൽ പോയി കഞ്ചാവ് വാങ്ങിവന്നത്. പുണെയിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന തീവണ്ടിയിൽ കഞ്ചാവ് തിങ്കളാഴ്ച രാവിലെ വർക്കലയിൽ എത്തിച്ചു. രാജേന്ദ്രനെ കൂട്ടിക്കൊണ്ടുപോകാൻ അനിയും സതീഷും സ്റ്റേഷനു മുന്നിൽ ഓട്ടോയിലെത്തിയിരുന്നു. കഞ്ചാവുമായി കടക്കാൻ ശ്രമിക്കുമ്പോഴാണ് മൂന്നുപേരും പിടിയിലായത്.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ്‌കുമാർ, കെ.വി.വിനോദ്, എസ്.മധുസൂദനൻനായർ, എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഡി.എസ്.മനോജ്കുമാർ, സജീവ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.