തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ-ഐടിസി) സെന്റർ ഓഫ് എക്‌സലൻസ് ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റിന്റെ സീറോ വേസ്റ്റ് ടു ലാൻഡ്‌ഫിൽ (ZWL) അംഗീകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.
ഇന്ത്യയിൽ ഈ അംഗീകാരം നേടുന്ന ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരം. വിമാനത്താവളത്തിൽ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്ക്കൽ, പുനരുപയോഗം, പുനഃസംസ്‌ക്കരിക്കൽ, വീണ്ടെടുക്കൽ എന്നിവയിലൂടെ ലാൻഡ്‌ഫിൽ ഡൈവേർഷൻ നിരക്ക് 99.50% കൈവരിച്ചതായി സിഐഐ വിലയിരുത്തി.
100% പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും എയർപോർട്ടിൽ സംസ്കരിക്കുന്നുണ്ട്.കഴിഞ്ഞ വർഷത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളാണ് സിഐഐ വിലയിരുത്തിയത്.
സീറോ വേസ്റ്റ് ടു ലാൻഡ്‌ഫിൽ (ZWL) എന്നതിന്റെ ലക്ഷ്യം, ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം കുറഞ്ഞത് 99 ശതമാനവും മാലിന്യ രൂപത്തിൽ നിന്ന് മാറ്റുക എന്നതാണ്. കടലാസ് മാലിന്യം, കട്ട്ലറി വേസ്റ്റ്, ഭക്ഷണാവശിഷ്ടങ്ങൾ, റോഡ് മാലിന്യങ്ങൾ എന്നിവയായിരുന്നു വിമാനത്താവളത്തിലെ മാലിന്യ ഉൽപാദനത്തിന്റെ പ്രധാന ഉറവിടങ്ങൾ.
ഐഎസ്ഒ 14001:2015 അംഗീകാരമുള്ള മാലിന്യ സംസ്കരണ സംവിധാനം എയർപോർട്ടിലുണ്ട്. വേർതിരിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനും റീസൈക്ലിംഗ് യാർഡിലേക്കു മാറ്റാനും പ്രത്യേക സംവിധാനങ്ങളുണ്ട്.