വർക്കല: വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം മാല കവർന്നു.
വർക്കല പന്തുവിള വള്ളൂർ വീട്ടിൽ ഓമനയുടെ(60) മാലയാണ് കവർന്നത്. തിങ്കളാഴ്ച രാവിലെ 5.45-നാണ് സംഭവം.
വീടിന്റെ വാതിൽ പുറത്തുനിന്ന് കൊളുത്തിട്ടശേഷം പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയായിരുന്നു പർദ ധരിച്ചെത്തിയ മോഷ്ടാവ് അവരുടെ കണ്ണിൽ മുളകുപൊടി വിതറിയത്. ഓമന നിലവിളിച്ചെങ്കിലും വാതിൽ കൊളുത്ത് ഇട്ടിരുന്നതിനാൽ വീട്ടുകാർക്ക് പുറത്തേക്കിറങ്ങാനായില്ല.
അവർ മാലയിൽ പിടിമുറക്കിയതോടെ മൂന്ന് പവന്റെ താലിമാലയുടെ മുക്കാൽ ഭാഗവും ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.