തിരുവനന്തപുരം:മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന – തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, തീരദേശ പോലീസ് ഇൻസ്‌പെക്ടർ ജനറൽ എന്നിവർ വിശദമായ റിപ്പോർട്ടുകൾ സമർപ്പിച്ചു.
തിരുവനന്തപുരത്ത് നടന്ന സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ റിപ്പോർട്ടുകൾ പരിശോധിച്ചു.
മുതലപ്പൊഴിയിലെ നിരന്തരമായ അപകടങ്ങളെ സംബന്ധിച്ച് പഠിച്ച സെൻട്രൽ വാട്ടർ ആൻഡ് പവർ റിസെർച്ച് സ്റ്റേഷന്റെ റിപ്പോർട്ട് പ്രകാരം തെക്കേ പുലിമുട്ടിന്റെ നീളം 425 മീറ്റർ വർദ്ധിപ്പിക്കണമെന്നാണ് നിർദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ 164 കോടി രൂപയുടെ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടുകൂടി പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതിക്കായി കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിരിക്കുകയാണ്.
അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ഒന്നരവർഷം കൊണ്ട് പൂർത്തീകരിക്കാവുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ, ഫിഷറീസ് ഡയറക്ടർ എന്നിവർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് വിശദമായി പരിശോധിച്ച കമ്മീഷൻ മത്സ്യബന്ധന മേഖലയിലെ വിവിധ സംഘടനകളും തൊഴിലാളികളുമായി ചർച്ച ചെയ്ത് വിഷയത്തിൽ ആവശ്യമായ തുടർ നടപടികളുടെ നിർദ്ദേശം സർക്കാരിന് സമർപ്പിക്കും.
സിറ്റിംഗിൽ 12 ഹർജികൾ തീർപ്പാക്കി. പുതിയ പരാതികൾ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.