നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്തു നൽകുന്നതും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും കണ്ടെത്തി.മിക്ക ജീവനക്കാർക്കും ആരോഗ്യസുരക്ഷാ കാർഡും ഉണ്ടായിരുന്നില്ല.
കുളവിക്കോണത്തെ ഹോട്ടൽ ടോപ്പ് കിച്ചണിൽനിന്ന് പഴകിയ ചിക്കൻ, ഒന്നിൽക്കൂടുതൽ തവണ ഉപയോഗിച്ച എണ്ണ എന്നിവ കണ്ടെത്തി.ഭക്ഷണപദാർത്ഥങ്ങൾ തുറന്നിട്ടിരിക്കുന്ന നിലയിലായിരുന്നു.
വാളിക്കോട് നസീർ ഹോട്ടലിൽനിന്ന് മലിനജലവും ഭക്ഷണാവശിഷ്ടവും പൊതു ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. വാളിക്കോട് സംസം ഹോട്ടലിൽനിന്ന് പാചകം ചെയ്യാനുപയോഗിക്കുന്ന പഴകിയ എണ്ണയും പഴകിയ ആഹാരവും പിടിച്ചെടുത്തു.വേവിച്ച അൽഫാം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും പിടിച്ചെടുത്തു.
കുന്നിൽ ഹൈപ്പർ മാർക്കറ്റിൽനിന്ന് പഴകിയ പഴവർഗങ്ങളും പച്ചക്കറികളും നിരോധിച്ച പ്ലാസ്റ്റിക് ഉത്‌പനങ്ങളും കണ്ടെത്തി.
ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നിരോധിച്ച ഭക്ഷണപദാർത്ഥമായ അജിനോമോട്ടോ ഉപയോഗിച്ച് പാചകംചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നെടുമങ്ങാട് കോടതി കാന്റീനിൽനിന്ന് പഴകിയ എണ്ണയുപയോഗിച്ച് പാചകംചെയ്യുന്നതായും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് അടുപ്പ് കത്തിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇവിടെനിന്ന് മലിനജലം പൊതു ഓടയിൽ ഒഴുക്കിവിടുന്നുണ്ടായിരുന്നു.