വർക്കല: പാപനാശത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാപനാശം ജനാർദനപുരം വിളയിൽവീട്ടിൽ വിഷ്ണു(ബോംഞ്ചോ–31) ആണ് അറസ്റ്റിലായത്.
മേയ് 30നു രാത്രി 10.30ന് വ ർക്കല ക്ലിഫിൽ നിന്നു പാപനാശം ബീച്ചിലേക്കു നടന്നുവന്ന തമിഴ്‌നാട് സ്വദേശികളായ പരശുറാം, ഗോകുൽ, വരുൺ എന്നിവരെയാണ് പ്രതി തടഞ്ഞു നിർത്തി ആക്രമിച്ചത്.
ഇവരെ പിന്തുടർന്ന് എത്തി കയ്യിൽ കരുതിയിരുന്ന കത്തി കാട്ടി പണം ആവശ്യപ്പെട്ടു. യുവാക്കൾ എതിർത്തപ്പോൾ പ്രതി വരുണിനെ മർദിക്കുകയും ഗോകുലിന്റെ കഴുത്തിൽ കത്തി വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തടയാൻ ശ്രമിച്ച പരശുറാമിന്റെ കഴുത്തിൽ മുറിവേൽപ്പിച്ചു. കൊലപാതക ശ്രമത്തിനു വർക്കല പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.