നെയ്യാറ്റിൻകര : റെയിൽപ്പാത ഇരട്ടിപ്പിക്കലിൽ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് രോഗിയായ മകളുടെ കഴുത്തറത്ത ശേഷം വയോധികയായ അമ്മ ജീവനൊടുക്കിയത്.
നെയ്യാറ്റിൻകര, റെയിൽവേ പാലത്തിനു സമീപം, വഴുതൂർ, ബി.എൽ.ആർ.എ.-93, മുക്കംപാലവിള വീട്ടിൽ ലീല(77)യാണ് മരിച്ചത്.
ഒപ്പം താമസിച്ചിരുന്ന ഇവരുടെ രണ്ടാമത്തെ മകൾ ബിന്ദു(48)വിന്റെ കഴുത്തു മുറിച്ചശേഷം ലീല മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ബിന്ദു നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ഭക്ഷണവുമായി അയൽവാസിയും ബന്ധുവുമായ വസന്തകുമാരി വീട്ടിലെത്തുമ്പോഴാണ് സംഭവമറിയുന്നത്.
നെയ്യാറ്റിൻകര ഗേൾസ് സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ലീല. ഇളയ മകൾ സിന്ധുവിന്റെ പേരിലുള്ള വീട്ടിലാണ് ലീലയും രണ്ടാമത്തെ മകൾ ബിന്ദുവും താമസിക്കുന്നത്.
റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെയും റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെയും പേരിൽ റെയിൽവേ ഇറക്കി വിട്ടാൽ രോഗിയായ മകളുമായി എവിടേക്ക് പോകുമെന്നതിനെക്കുറിച്ച് ലീല, അടുത്ത ബന്ധുക്കളോടു പലതവണ പറഞ്ഞിരുന്നു.
റെയിൽപ്പാത ഇരട്ടിപ്പിക്കലിനായി വീടും സ്ഥലവും ഏറ്റെടുക്കാൻ നടപടിയായി. വീടും സ്ഥലവും നഷ്ടപ്പെടുമെന്ന മനോവിഷമമാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാകാം സംഭവം നടന്നതെന്നു കരുതുന്നു.