വർക്കല: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു.
ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം.
ഇരുവരുടെയും മകൻ അമൽ (17) ഇന്ന് രാവിലെ മരിച്ചിരുന്നു. വർക്കല സ്വദേശി രാജേന്ദ്രൻ ഇന്നലെയാണ് ഭാര്യ ബിന്ദുവിനെ തീകൊളുത്തിയത്.
അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ അമലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ ആറ് മാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞുകഴിയുകയായിരുന്നു. ഭര്‍തൃവീട്ടില്‍ വസ്ത്രങ്ങളും മറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍ അമലിനെയും രാജേന്ദ്രന്‍ ആക്രമിച്ചത്.