ആനപ്പാറ സർക്കാർ ഹൈസ്‌കൂളിന് പുതിയ ബഹുനില മന്ദിരം

IMG_20240605_233100_(1200_x_628_pixel)

വിതുര:പുതിയ അധ്യയന വർഷത്തിൽ അരുവിക്കര നിയോജക മണ്ഡലത്തിലെ ആനപ്പാറ സർക്കാർ ഹൈസ്‌കൂൡന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്മാനം.

വിതുര ആനപ്പാറ സർക്കാർ ഹൈസ്‌കൂളിലെ പുതിയ ഇരുനില മന്ദിരം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

വ്യാപകമായ പൊതുജന പിന്തുണയും പങ്കാളിത്തവുമാണ് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സവിശേഷതയെന്ന് മന്ത്രി പറഞ്ഞു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വലിയ രീതിയിൽ മെച്ചപ്പെടുത്തുകയും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുകയും ആധുനിക വിദ്യാഭ്യാസ പ്രക്രിയകൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കുകയും ചെയ്തിട്ടുണ്ട്.

അധ്യാപനത്തിന് ഒരു പ്രൊഫഷണൽ സമീപനവും ആവശ്യമായ മാറ്റങ്ങളുടെ സ്വീകാര്യതയും, ആവശ്യമായ എല്ലാ സ്‌കൂളുകളും മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളും നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരമ്പരാഗത പരീക്ഷാ രീതികളിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണെന്നും വ്യത്യസ്ത കഴിവുകളും അഭിരുചികളുമുള്ള കുട്ടികളുടെ സർഗാത്മകത, വിമർശനാത്മക ചിന്ത, ആശയവിനിമയം, ടീം വർക്ക് എന്നിവയെ പരിപോഷിപ്പിക്കുന്നതായിരിക്കണം മൂല്യനിർണ്ണയങ്ങളെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ പരിഷ്‌കരണം എല്ലായ്‌പ്പോഴും കുട്ടികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അവരെ ഭാവിയിലെ കഴിവുള്ള പൗരന്മാരായി വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നതാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2019-20 പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ആനപ്പാറ സർക്കാർ ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമിച്ചത്. 3,435 ചതുരശ്രയടി വിസ്തീർണത്തിൽ പണിത കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികൾ, റാമ്പ്, പടിക്കെട്ടുകൾ എന്നിവയും മുകളിലത്തെ നിലയിൽ രണ്ട് ക്ലാസ് മുറികൾ, പടിക്കെട്ടുകൾ എന്നിവയുമാണുള്ളത്.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, മറ്റ് പഞ്ചായത്തംഗങ്ങൾ, പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സജിം, സ്‌കൂൾ പ്രഥമാധ്യാപിക പി.ശ്രീജ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!