തിരുവനന്തപുരം: നഗരസഭ മെഡിക്കൽ കോളേജ് വാർഡിൽ കുമാരപുരം ഗവ യു പി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു.
സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾക്കൊപ്പം നഗരസഭയും വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കി വരുന്നതിൻ്റെ ഭാഗമായാണ് കുമാരപുരം യു പി എസിന് പുതിയ മന്ദിരം നിർമ്മിച്ചത്.
മൂന്നു ക്ലാസ് മുറികളും ഓഫീസ് റൂമും കിച്ചനും ഡൈനിംഗ് ഹാളുമുൾപ്പെടെയുള്ള ഇരുനില മന്ദിരം ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമ്മിച്ചത്. വിദ്യാഭ്യാസ മേഖലയോടു നൂറുശതമാനം നീതി പുലർത്തുന്നതിനും സാധാരണക്കാരുടെ മക്കൾക്ക് പഠിക്കാനുള്ള സംവിധാനങ്ങൾ പൊതുവിദ്യാലയങ്ങളിലുമുണ്ടാകണമെന്നുമാണ് നഗരസഭയുടെയും തീരുമാനമെന്ന് മേയർ പറഞ്ഞു.
വെള്ളി രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷനായി. വി കെ പ്രശാന്ത് എം എൽ എ മുഖ്യാതിഥിയായിരുന്നു.
മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി ആർ അനിൽ, നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ മേടയിൽ വിക്രമൻ, എസ് എസ് ശരണ്യ, ക്ലൈനസ് റൊസാരിയോ, ഗായത്രി ബാബു, സി എസ് സുജാ ദേവി, കൗൺസിലർ അംശു വാമദേവൻ, സ്കൂൾ ഹെഡ്മിസ്ട്രസ് എ സാഹിറ, പി ടി എ പ്രസിഡൻ്റ് എ കെ ജോൺ, ഇസ്മായിൽ, എ ഇ ഒ ബീനാറാണി, ബിന്ദു ജാസ്മിൻ എന്നിവർ സംസാരിച്ചു.