തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചവര്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച് കേരളം.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, മറ്റ് മന്ത്രിമാര്‍ എന്നിവരടക്കം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
കൊച്ചിയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ എമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി 11.49ഓടെയാണ് മൃതദേഹങ്ങൾ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.
23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. മറ്റുള്ളവരുടെ മൃതദേഹവുമായി വിമാനം ഡൽഹിയിലേക്ക് പുറപ്പെടും.