തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാവികസേനയുടെ കപ്പൽ എത്തി.
ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്ന ഐ.എൻ.എസ്. സത്‌ലജ് ജെ-17 എന്ന കപ്പലാണ് കഴിഞ്ഞദിവസം എത്തിയത്.
ക്യാപ്‌റ്റൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള 60 അംഗ ഉദ്യോഗസ്ഥരായിരുന്നു കപ്പലിലെത്തിയത്. ബുധനാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു കപ്പൽ തുറമുഖത്തെ ബെർത്തിലടുപ്പിച്ചത്.
രാജ്യത്ത് പുതിയ തുറമുഖങ്ങൾ നിർമിക്കുമ്പോൾ നാവികസേനയുടെ കപ്പലുകൾക്ക് അടുക്കുന്നതിനുള്ള സൗകര്യങ്ങൾ, ആഴക്കടലിൽനിന്ന് തുറമുഖ ജെട്ടിയിലേക്ക് അടുക്കേണ്ട മാർഗങ്ങൾ അടക്കമുള്ളവ പരിശോധിക്കുന്ന തുറമുഖ പരിചയപ്പെടലിനായിരുന്നു (പോർട്ട് ഫെമിലറൈസേഷൻ) നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.