തിരുവനന്തപുരം: വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിലൂടെ വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കും എന്ന് ഡോ. ആർ ബിന്ദു പറഞ്ഞു.
നിർമ്മാണം പൂർത്തിയാക്കിയ അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെയും ഹോസ്റ്റൽ ബ്ലോക്കിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET) യുടെ ഡ്യൂവൽ റെക്കഗ്നിഷൻ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതന നൈപുണ്യ കോഴ്സുകൾ വിദ്യാർഥികളിലേക്ക് എത്തിച്ചു ഇപ്പോഴത്തെ നൈപുണി വിടവ് നികത്താനും
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അടക്കം ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിൽ പ്രാവീണ്യം നേടാനനുതകുന്ന ഭാഷ കോഴ്സുകൾ അസാപ് കേരള വഴി നൽകാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്തെ വികസന പ്രവർത്തങ്ങൾ തീരദേശത്തെ ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ സഹകരണം വകുപ്പ് മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു.
ഇത് വഴി ലോകോത്തര നിലവാരമുള്ള നൈപുണ്യ കോഴ്‌സുകളിലേക്ക് തീരദേശ മേഖലയിലെ ജനങ്ങൾക്ക് വഴി തുറന്നു കിട്ടുമെന്നും, ഇതുവഴി ആഗോള തലത്തിൽ ഉയർന്ന നിലവാരത്തിലുള്ള ജോലിസാധ്യതകൾ ആണ് സ്കിൽ പാർക്ക് മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവളം എം.എൽ.എ എം വിൻസന്റ് മുഖ്യാതിഥിയായി .ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇഷിത റോയ് IAS സ്വാഗത ആശംസിച്ച ചടങ്ങിൽ, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസ്, വിഴിഞ്ഞം സീപ്പോർട്ട് ലിമിറ്റഡ് എം.ഡി ഡോ. ദിവ്യ എസ് അയ്യർ IAS, അദാനി പോർട്ട് സി ഇ ഓ പ്രദീപ് ജയരാമൻ എന്നിവർ സംബന്ധിച്ചു. വാർഡ് കൗൺസിലർമാരായ പനിയടിമ, സി ഓമന, അദാനി സ്കിൽ ഡെവലപ്മെന്റ് സെന്റർ സി. ഇ ഓ ശ്രീ. ജതിൻ ത്രിവേദി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അസാപ് കേരളയും അദാനി സ്കിൽ ഡെവലൊപ്മെന്റ് സെന്ററും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി. അസാപ് അദാനി സ്കിൽ ഡെവേലപ്മെന്റ് സെന്റർ ട്രാൻസിറ്റ് ക്യാമ്പസ് വഴി പഠിച്ച് വിഴിഞ്ഞം പോർട്ടിലും മറ്റു സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാർഥികൾക്കുള്ള ഓഫർ ലെറ്ററും സർട്ടിഫിക്കറ്റും മന്ത്രിമാർ കൈമാറി. ചടങ്ങിൽ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മേധാവി സജിത്ത് കുമാർ ഇ വി നന്ദി പറഞ്ഞു.
2 നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യത്തോടെ നിർമിച്ച സ്കിൽ പാർക്കിൽ തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക് താമസിച്ചു പഠിക്കുവാനുള്ള സൗകര്യാർത്ഥം ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.