തിരുവനന്തപുരം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജ് (23) ആണ് വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി തിരുവനന്തപുരത്ത് പിടിയിലായത്.
ഇയാളിൽ നിന്നും 25 ഗ്രാം എംഡിഎംഎ ആർപിഎഫ് പിടിച്ചെടുത്തു. നാട്ടിലെത്തിച്ച് വിൽപ്പന നടത്താനായി ബെംഗളൂരുവിൽ നിന്നുമാണ് പ്രതി എംഡിഎംഎ വാങ്ങി ട്രെയിനിൽ കടത്തികൊണ്ടുവന്നത്.
ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സൂരജ് പിടിയിലായത്. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്സിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ എംഡിഎംഎ വാങ്ങാനുള്ള ആളെ കാത്ത് റെയിൽവേ യാർഡിനു സമീപം ഒളിച്ചു നിൽക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് സംശയം തോന്നി. തുടർന്ന് ആർ.പി. എഫ് ഉദ്യോഗസ്ഥരുമായി എത്തിയപ്പോൾ സൂരജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് സംഘം പ്രതിയെ വളഞ്ഞ് പിടികൂടുകയായിരുന്നു.