ആറ്റിങ്ങല്‍: രക്തബന്ധത്തില്‍പ്പെട്ട സ്ത്രീയെ ഭാര്യയാക്കി വയ്ക്കുകയും അവരുടെ ആദ്യബന്ധത്തില്‍പ്പിറന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം കാട്ടുകയും ചെയ്ത കേസിലെ പ്രതിക്ക് ജീവിതാന്ത്യംവരെ ജീവപര്യന്തം തടവും 14.5 ലക്ഷം രൂപ പിഴയും വിധിച്ചു.
ആറ്റിങ്ങല്‍ അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി സി.ആര്‍. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്. അച്ചന്‍കോവില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും പള്ളിക്കല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസിലാണ് വിധി.രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടിലും വിചാരണപൂര്‍ത്തിയാക്കിയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.
പ്രതിയുടെ മാതൃസഹോദരീപുത്രിയുടെ കുട്ടികളാണ് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായത്. ഭര്‍ത്താവുമായി പിണങ്ങിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ അമ്മ കുട്ടികളെയും കൂട്ടി പ്രതിക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. പ്രതി കുട്ടികളോട് ലൈംഗികാതിക്രമം കാട്ടുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല.
വാടകവീടുകളില്‍ മാറിമാറിത്താമസിച്ചായിരുന്നു പീഡനം. പ്രതിയുടെ അതിക്രമത്തെത്തുടര്‍ന്ന് പെണ്‍കുട്ടികളും അമ്മയും ബന്ധുവീട്ടില്‍ അഭയം തേടി. ഇതിനെത്തുടര്‍ന്നാണ് കുട്ടികള്‍ പ്രതിക്കെതിരെ പോലീസില്‍ മൊഴി നല്കിയത്.
മുതിര്‍ന്ന കുട്ടിയെ അതിക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ 26 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകള്‍ ആസ്പദമാക്കുകയും ചെയ്തു. ഇളയകുട്ടിയോട് അതിക്രമം കാട്ടിയതിനും മദ്യം നല്കിയതിനും ബാലനീതി നിയമം അനുസരിച്ചും പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. ഇളയ കുട്ടിയെ ഉപദ്രവിച്ച കേസില്‍ പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകള്‍ ആധാരമാക്കുകയും ചെയ്തു. രണ്ടുകേസുകളിലും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസിന്‍ ഹാജരായി.