നെയ്യാറ്റിൻകര : ബൈക്കിൽ കറങ്ങിയ മൂന്നംഗസംഘം രണ്ടിടങ്ങളിൽനിന്ന് മാല കവർന്നു.
കുന്നത്തുകാൽ കട്ടച്ചൽവിളയിൽ വഴിയാത്രക്കാരിയായ വയോധികയുടെ ഒന്നര പവൻ മാലയും തവരവിള കുട്ടത്തിവിളയിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ അഞ്ച് പവന്റെ മാലയുമാണ് സംഘം പിടിച്ചു പറിച്ചത്.
പത്തനാവിളയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാനുള്ള സംഘത്തിന്റെ ശ്രമം വിഫലമായി.
കുന്നത്തുകാൽ, നാറാണി, അമ്പലത്തിൻകാല ബിനു ഭവനിൽ ബേബി (76) യുടെ ഒന്നര പവൻ മാലയാണ് കട്ടച്ചൽവിളയ്ക്ക് സമീപത്തുവെച്ച് രാവിലെ പതിനൊന്നരയോടെ കവർന്നത്.
ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. പുറകിലിരുന്ന രണ്ടു പേർക്ക് ഹെൽമെറ്റ് ഇല്ലായിരുന്നു.ഇവർ മാസ്‌ക് ധരിച്ചിരുന്നു.
പുറകിലിരുന്നയാളാണ് മാല പിടിച്ചുപറിച്ചതെന്ന് ബേബി പോലീസിന് മൊഴി നൽകി. നാട്ടുകാരെത്തുംമുൻപേ സംഘം ബൈക്കിൽ കടന്നുകളഞ്ഞു.
സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇവർ പെരുങ്കടവിള ഭാഗത്തുനിന്നുമാണ് എത്തിയതെന്ന് കണ്ടെത്തി.
ഈ സംഘം ഉച്ചയ്ക്ക് 12.20ന് തവരവിള-രാമേശ്വരം റോഡിൽ കുട്ടത്തിവിള പള്ളിക്ക് സമീപം സ്‌കൂട്ടറിൽ പോകുകയായിരുന്ന ഇരുമ്പിൽ പറയരുകോണം, എസ്.പി.നിവാസിൽ പ്രിയ (39) യുടെ അഞ്ച് പവന്റെ മാല പിടിച്ചുപറിച്ചു.
സ്‌കൂട്ടറിൽ പ്രിയയ്‌ക്കൊപ്പം ബന്ധുവായ ശ്രീജയുമുണ്ടായിരുന്നു. പിന്നിൽ നിന്നെത്തിയ ബൈക്കിലെത്തിയ സംഘം ഇവരുടെ സ്‌കൂട്ടറിൽ തട്ടി. ഇതോടെ സ്‌കൂട്ടർ നിർത്തിയ പ്രിയയുടെ കഴുത്തിൽക്കിടന്ന മാല കവർന്നു. പുറകിലിരുന്നയാളാണ് പിടിച്ചുപറിച്ചതെന്ന് പ്രിയ മാരായമുട്ടം പോലീസിന് മൊഴിനൽകി.
മാല പിടിച്ചു പറിക്കുന്നത് പ്രതിരോധിക്കുന്നതിനിടെ മാലയുടെ ചെറിയൊരുഭാഗം പ്രിയയുടെ കൈയ്യിൽ കിട്ടി.ബഹളം വെയ്ക്കുന്നതിനിടെ സംഘം കടന്നുകളഞ്ഞു.
ഉച്ചയ്ക്ക് 12.45-ഓടെയാണ് പത്തനാവിളയിൽ നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ മാല പിടിച്ചു പറിക്കാൻ സംഘം ശ്രമിച്ചത്.
പത്തനാവിള സ്വദേശി ഷീബ (50) യുടെ മാലയാണ് സംഘം പിടിച്ചുപറിക്കാൻ ശ്രമിച്ചത്. പെട്ടെന്ന് ഷീബ കുതറിമാറിയതിനാൽ സംഘത്തിന് മാല പിടിച്ചുപറിക്കാനായില്ല.