തിരുവനന്തപുരം: വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് വിഭാഗവും (ഡി.ആർ.ഐ)എയർ കസ്റ്റംസും ചേർന്ന് പിടികൂടി.
ഇന്നലെ പുലർച്ചെ 3.15ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് എയർലൈൻസിന്റെ ഐ.എക്സ് 542ാം നമ്പർ വിമാനത്തിലെ സീറ്റിനടിയിൽ നിന്നാണ് സ്വർണം കണ്ടത്തിയത്.
ഒരു കിലോ 300 ഗ്രാമോളം തൂക്കം വരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി കവറിനുള്ളിൽ പൊതിഞ്ഞ് സീറ്റിനടിയിൽ ഒട്ടിച്ച് വച്ചാണ് കടത്താൻ ശ്രമിച്ചത്.
യാത്രക്കാരൻ സ്വർണം ഒളിപ്പിച്ച് കടത്തുന്നുവെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഡി.ആർ.ഐ സംഘം വിമാനത്താവളത്തിനുള്ളിലെത്തി എയർകസ്റ്റംസുമായി ചേർന്ന് പരിശോധന നടത്തുകയായിരുന്നു.
റൺവേയിൽ ലാൻഡിംഗ് നടത്തി വിമാനം എയറോബ്രിഡ്ജിലേക്ക് കണക്ട് ചെയ്‌തതോടെ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ കയറി യാത്രക്കാരെ പരിശോധിച്ചെങ്കിലും ഇവരിൽ നിന്ന് സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല.
യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിലെ സീറ്റിനിടയിൽ നിന്ന് സ്വർണം കണ്ടെത്തിയത്.ഈ സീറ്റിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരന്റെ വിവരങ്ങൾ ഡി.ആർ.ഐ സംഘം ശേഖരിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.വിമാനത്താവളത്തിലെ ജീവനക്കാർ വഴി കടത്താൻ ശ്രമിച്ചതാണോ എന്ന സംശയവുമുണ്ട്