പേരയം:വാമനപുരം നിയോജകമണ്ഡലത്തിലെ പേരയം ഖാദി നൂൽപ്പ് നെയ്ത്ത് കേന്ദ്രത്തിന് പുതിയ മുഖം. നവീകരിച്ച നെയ്ത്ത് കേന്ദ്രം ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നൂൽപ്പ് നെയ്ത്ത് കേന്ദ്രം നവീകരിച്ചത്.
പരമ്പരാഗത മേഖലയിലെ തൊഴിലാളികളെ ചേർത്തു പിടിക്കുന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അധ്യക്ഷനായിരുന്നു.
തൊഴിലിടം തൊഴിൽ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നൂൽപ്പ് നെയ്ത്ത് കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നവീകരണത്തിന്റെ ഭാഗമായി മേൽക്കൂര പുതുക്കി പണിതു. രണ്ട് മുറികൾ പുതിയതായി നിർമിക്കുകയും തറ ടൈൽ പാകുകയും ചെയ്തു.
ചടങ്ങിൽ മുതിൽ ഖാദി തൊഴിലാളികളെയും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഖാദി തൊഴിലാളികളുടെ മക്കളെയും ആദരിച്ചു. നെയ്ത്ത് കേന്ദ്രം തുടങ്ങുന്നതിന് 20 സെന്റ് ഭൂമി സൗജന്യമായി വിട്ടു നൽകിയ പ്രദേശവാസിയായ ജോർജിന്റെ ചിത്രം നെയ്ത്ത് കേന്ദ്രത്തിൽ അനാച്ഛാദനം ചെയ്തു.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ.എ രതീഷ്, എൽഎസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഡി.രാജേഷ് എന്നിവരും പങ്കെടുത്തു.