തിരുവല്ലം : ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ അമിതവേഗത്തിനെതിരേ വാഴമുട്ടത്ത് റോഡ് ഉപരോധിച്ചു.
തിരുവല്ലം-കോവളം റോഡ് സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ വാഴമുട്ടം-പാച്ചല്ലൂർ-തിരുവല്ലം റൂട്ട് റോഡ് ഉപരോധിച്ചത്.
വലിയ ഭാരവാഹനങ്ങൾ ടോൾ ഒഴിവാക്കുന്നതിനുവേണ്ടി ഈ റോഡ് ഉപയോഗിക്കുന്നതുകാരണം രാവിലെയും വൈകീട്ടും കനത്ത ഗതാഗതക്കുരുക്കിനുപുറമേ അപകടങ്ങളും ഉണ്ടാക്കുന്നു എന്ന് സമിതിപ്രവർത്തകർ പറഞ്ഞു.
സമരം അവസാനിച്ചതോടെ ഭാരവാഹനങ്ങൾ ഇതേ റൂട്ടിലൂടെ കടന്നുപോകുന്നു എന്ന വിവരത്തെത്തുടർന്ന് സമിതി പ്രവർത്തർ തിരിച്ചെത്തി അവയെ തടഞ്ഞു. സംഭവത്തെത്തുടർന്ന് പോലീസെത്തി സമരക്കാരുമായി ചർച്ച നടത്തി.
ചരക്കുകയറ്റിവരുന്ന ഭാരവാഹനങ്ങൾ വാഴമുട്ടം-പാച്ചല്ലൂർ-തിരുവല്ലം റൂട്ടിലേക്കും തിരികെയും കടത്തിവിടില്ല. ബൈപ്പാസ് വഴി തിരിച്ചുവിടാമെന്ന പോലീസിന്റെ ഉറപ്പിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.