തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒരാൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ. കേസെടുത്ത് അധിക്യതർക്ക് നോട്ടിസയച്ചു.
തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.
തോട് വ്യത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് പറയുന്നു.
ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്. രക്ഷാദൗത്യം നടത്താൻ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.