വിഴിഞ്ഞം: കപ്പൽ കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി.
ഇന്നലെ സന്ധ്യയോടെയുണ്ടായ അപകടത്തിൽ പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ– ബീന ദമ്പതിമാരുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്.
പുളിങ്കുടി ആവണങ്ങപ്പാറയിലെ കടൽ തീരത്തായിരുന്നു സംഭവം. അജീഷും കൂടെ താമസിക്കുന്ന യുവതിയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉൾപ്പെടെ കപ്പൽ കാണാനായി ഈ ഭാഗത്ത് എത്തിയതായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
കൂടെയുളളവരെ പാറയിൽ ഇരുത്തിയ ശേഷം കടലിനോട് ചേർന്ന മറ്റൊരു പാറയിൽ കയറി നിൽക്കുമ്പോൾ ശക്തമായ തിരയിൽപെട്ട് അജീഷ് കടലിൽ വീഴുകയായിരുന്നുവെന്നാണ് ഇവർ പൊലീസിനു നൽകിയ വിവരം. വിഴിഞ്ഞത്തു നിന്ന് കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ബോട്ടുകളിൽ രാത്രി വൈകിയും തിരച്ചിൽ നടത്തി.