തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു.
രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ച പറ്റിയവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
മന്ത്രി വന്നത് തനിക്ക് വലിയ ആശ്വാസമാണെന്ന് രോഗി അറിയിച്ചു. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.