തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി.
പിരപ്പൻകോട് ജംഗ്ഷന് സമീപം എംസി റോഡിനോട് ചേർന്ന റബർ തോട്ടത്തിൽ ഇന്ന് രാവിലെയാണ് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചു.
ഇന്നലെ പള്ളിപ്പുറം ടെക്നോസിറ്റി പ്രദേശത്തും കാട്ടുപോത്തിനെ കണ്ടിരുന്നു. ആ പോത്താണ് ഇതെന്ന് അധികൃതർക്ക് സംശയമുണ്ട്.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപോത്തിനെ മയക്കുവെടി വച്ചു. വെടികൊണ്ട് വിരണ്ടോടിയ പോത്ത് പിരപ്പൻകോടിന് സമീപത്തുള്ള തെന്നൂർ ദേവീക്ഷേത്രത്തിന് സമീപത്ത് മയങ്ങിവീണു.
പോത്തിനെ വനത്തിൽ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനുമുമ്പ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കും.