തിരുവനന്തപുരം:ജില്ലയിലെ എട്ട് തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൂത്തുവാരി സിപിഎം.
ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷന്‍, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകള്‍, പെരിങ്ങമ്മല പഞ്ചായത്തിലെ കരിമണ്‍കോട്, മടത്തറ, കൊല്ലായില്‍ വാര്‍ഡുകള്‍, കരവാരം പഞ്ചായത്തിലെ പട്ടള, ചാത്തമ്പാറ വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും സിപിഎം സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയാണ് എല്‍ഡിഎഫ് സീറ്റില്‍ വിജയിച്ചത്. യുഡിഎഫിന്റെ വെള്ളനാട് ഡിവിഷനംഗമായിരുന്ന വെള്ളനാട് ശശി സ്ഥാനം രാജിവച്ച് എല്‍ഡിഎഫിലേക്കു കൂറുമാറി മത്സരിക്കുകയായിരുന്നു.
പെരിങ്ങമല പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതോടെ യുഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റടക്കം യുഡിഎഫിലെ 3 പേര്‍ രാജിവച്ച് എല്‍ഡിഎഫിലെത്തിയാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 3 പേരും ജയിച്ചതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറയില്‍ സിപിഎം സ്ഥാനാര്‍ഥി ഷിനു മടത്തറ വിജയിച്ചു. കോണ്‍ഗ്രസിലെ ഷൈജ ലൈജുവിനെയാണ് പരാജയപ്പെടുത്തിയത്. കൊല്ലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റുക്കിയാബീവിയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ കലയപുരം അന്‍സാരി വിജയിച്ചു.
കരിമണ്‍കോട് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എം.ഷെഹാസ് വിജയിച്ചു. കോണ്‍ഗ്രസിന്റെ ജി.സുഭാഷിനെയാണു പരാജയപ്പെടുത്തിയത്.
പെരിങ്ങമല പഞ്ചായത്തില്‍ 3 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മടത്തറ, കൊല്ലായില്‍, കരിമണ്‍കോട് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 3 സീറ്റും പിടിച്ചെടുത്തതോടെ സിപിഎമ്മിന് ഭരണം ലഭിക്കും.
കരവാരം പഞ്ചായത്തിലെ പട്ടള വാര്‍ഡില്‍ സിപിഎമ്മിലെ ബേബി ഗിരിജ വിജയിച്ചു. ബിജെപിയിലെ എസ്.ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. ചാത്തന്‍പാറയിലും സിപിഎം വിജയിച്ചു. കോണ്‍ഗ്രസിലെ രാജി ടീച്ചറെ പരാജയപ്പെടുത്തി സിപിഎമ്മിലെ വിജി വേണുവാണ് ജയിച്ചത്. ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങള്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരണം എന്‍ഡിഎക്കാണ്.
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്കില്‍ സിപിഎം സ്ഥാനാര്‍ഥി എം.എസ്.മഞ്ജു വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.ശ്രീകലയെയാണ് പരാജയപ്പെടുത്തിയത്. ബിജെപിയുടെ ആര്‍.എസ്.മിനി മൂന്നാം സ്ഥാനത്തെത്തി.
തോട്ടവാരം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.നിഷയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥ ജി.ലേഖ വിജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഡിഎയിലെ 2 വനിതാ അംഗങ്ങള്‍ പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞു രാജിവച്ചതിനെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്.