തിരുവനന്തപുരം :പനിക്ക് ചികിത്സ തേടിയെത്തിയ പത്തുവയസ്സുകാരന് തൈക്കാട് ആശുപത്രിയിൽ മരുന്നു മാറി കുത്തിവയ്പ് നൽകിയെന്ന പരാതിയിൽ രണ്ടു നഴ്സുമാർക്കെതിരെ നടപടി.
എൻഎച്ച്എം നഴ്സായ അഭിരാമിയെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും സിനു ചെറിയാനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കണ്ണമ്മൂല സ്വദേശിയുടെ മകനാണ് കഴിഞ്ഞ 30ന് മരുന്ന് മാറി കുത്തിവച്ചത്. ഇപ്പോൾ എസ്എടി ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിലാണ് കുട്ടി.
പനിക്കു ചികിത്സ തേടി എത്തിയ കുട്ടിക്ക് ഒരു തവണ കുത്തിവയ്പ് നൽകിയതിനു പിന്നാലെ വീണ്ടും ഒന്നു കൂടി നൽകി. നേരത്തേ കുത്തിവയ്പ് എടുത്തുവെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല.
രണ്ടാമത്തെ കുത്തിവയ്പിനു പിന്നാലെ ഛർദിയും നെഞ്ചു വേദനയും ഉണ്ടായ കുട്ടിയെ തൈക്കാട് ആശുപത്രി ആംബുലൻസിൽ എസ്എടിയിലേക്കു കൊണ്ടു വരികയായിരുന്നു. ആദ്യം എമർജൻസി കെയർ ഐസിയുവിലായിരുന്ന കുട്ടിയെ പിന്നീട് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റി.പ്രാഥമിക അന്വേഷണത്തിൽ നഴ്സുമാർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തി.