തിരുവനന്തപുരം :തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തുകൾക്ക് ഓഗസ്റ്റ് ഏഴിന് തുടക്കമാവും.
ജില്ലാ തലത്തിലും, തിരുവനന്തപുരം കൊച്ചി കോഴിക്കോട് കോർപറേഷൻ തലത്തിലുമാണ് പൊതുജന പരാതികളും നിവേദനങ്ങളും തീർപ്പാക്കാനുള്ള അദാലത്തുകൾ നടക്കുന്നത്. ആഗസ്റ്റ് 7ന് തിരുവനന്തപുരം ജില്ലാ അദാലത്തിൽ ആരംഭിച്ച് സെപ്റ്റംബർ 7 ന് വയനാട് ജില്ലാ അദാലത്തോടെയാണ് പരിപാടിക്ക് സമാപനമാവുന്നത്.
അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം കോർപറേഷൻ ഒഴികെയുള്ള തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് ബുധനാഴ്ചത്തെ അദാലത്തിൽ പരിഗണിക്കുക. തിരുവനന്തപുരം കോർപറേഷന് വേണ്ടിയുള്ള അദാലത്ത് ഓഗസ്റ്റ് 29നാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ശരിയായ നിലയിൽ അപേക്ഷ നൽകിയിട്ടും സമയപരിധിക്കകം സേവനം ലഭിച്ചിട്ടില്ലെങ്കിൽ അദാലത്തിനെ സമീപിക്കാം. ഇതോടൊപ്പം വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ പൊതുവായ പരാതികളും അദാലത്ത് സമിതി പരിഗണിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും സമർപ്പിക്കാൻ അവസരമുണ്ട്.
കെട്ടിട നിർമ്മാണ പെർമ്മിറ്റ് പൂർത്തീകരണം, ക്രമവത്കരണം, വ്യാപാര -വാണിജ്യ -സേവന ലൈസൻസുകൾ, ജനന- മരണ – വിവാഹ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങൾ, ആസ്തി പരിപാലനം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെ കാര്യക്ഷമത എന്നീ വിഷയങ്ങളിലുള്ള പരാതികളാണ് നൽകാനാവുക. അതേസമയം ലൈഫ്, അതിദാരിദ്ര്യ നിർമാർജന പദ്ധതി എന്നിവയിലേക്കുള്ള പുതിയ അപേക്ഷകളോ, ജീവനക്കാരുടെ സർവീസ് വിഷയങ്ങളോ അദാലത്തിൽ പരിഗണിക്കില്ല.